കൊച്ചി: ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ഇന്നു വിധി പറയും.
കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കേണ്ടതു ട്രൈബ്യൂണലാണെന്നും ഇടക്കാല ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്നു മാത്രമാകും പരിശോധിക്കുകയെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്ഥലംമാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹര്‍ജി നൽകിയത്. 2026 ഫെബ്രുവരിയില്‍ റീനയുടെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചതാണ്.
തസ്തിക അപ്ഗ്രേഡ് ചെയ്തശേഷമാണ് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലംമാറ്റമെന്നും ആദ്യ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുന്ന സാഹചര്യമുണ്ടായെന്നുമായിരുന്നു ഡോ. റീനയുടെ വാദം.